കാൻഡിറു ഫിഷ് : ആമസോണിലെ വാംപയർ മത്സ്യം;
ആമസോൺ വനാന്തരങ്ങളിലെ നദികളിൽ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് വാൻഡെലിയ എന്ന് ഗവേഷകരും, കാൻഡിറു എന്ന് പ്രാദേശികമായും അറിയപ്പെടുന്ന, മറ്റുള്ള മത്സ്യങ്ങളുടെ ശരീരത്തിൽ കടന്നു കയറി, എല്ലുകളോട് ചേർന്ന് വളർന്ന്, രക്തം ഊറ്റിക്കുടിച്ച് ജീവിക്കുന്ന വാംപയർ മത്സ്യം.
വർഷങ്ങൾക്ക് മുമ്പേ തന്നെ ഈ മത്സ്യത്തെ മനുഷ്യർ കണ്ടെത്തി തിരിച്ചറിഞ്ഞതാണെങ്കിലും, ഇന്നും ഇവയെ കുറിച്ചുള്ള പല വിവരങ്ങളും ശാസ്ത്രലോകം മനസ്സിലാക്കി വരുന്നതേയുള്ളൂ. വാംപയർ എന്നൊരു വിളിപ്പേര് ഉണ്ടെങ്കിലും, ഈ മത്സ്യങ്ങളുടെ സ്വഭാവ വിശേഷം പാരസൈറ്റുകൾക്ക് സമാനമായതിനാൽ, ശാസ്ത്രീയമായി ഇവയെ പാരസൈറ്റുകൾ എന്ന് വേണം വിളിക്കാൻ.
മറ്റൊരു ജീവിയുടെ ഉള്ളിൽ കടന്നു കൂടി അവയുടെ ഓജസ്സ് ഊറ്റുകയാണ് ഈ പൈരസൈറ്റുകൾ ചെയ്യുന്നത്. നദിയിലെ തന്നെ വലിയ മത്സ്യങ്ങളുടേയും, മറ്റു ജീവികളുടേയും ശരീരത്തിൻ്റെ ഉള്ളിൽ കടന്ന് അവയുടെ എല്ലുകളോട് പറ്റിച്ചേർന്ന് നിന്നാണ് ഇവ തങ്ങളെ വഹിക്കുന്ന ജീവികളെ ഉള്ളിൽ നിന്നും ഭക്ഷണമാക്കി തുടങ്ങുന്നത്.
മുഖത്ത് പൂച്ചയുടേതിന് സമാനമായ നീണ്ട രോമങ്ങൾ ഉള്ള ഇവ ജന്മം കൊണ്ട് ക്യാറ്റ് ഫിഷ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഒരു ഇഞ്ച് മാത്രം വലുപ്പം വരുന്ന നീളൻ ശരീരമുള്ള ഈ മത്സ്യം സാധാരണ മറ്റ് വലിയ മത്സ്യങ്ങളുടെ ചെകിളപ്പൂക്കളുടെ ഉള്ളിൽ കയറിക്കൂടിയാണ് അവയുടെ രക്തം ഊറ്റി കുടിയ്ക്കുന്നത് എന്നാണ് ശാസ്ത്രലോകം ഇതുവരെയും ധരിച്ചു വച്ചിരുന്നത്.
എന്നാൽ പിന്നീട് ആമസോണിൻ്റെ ഭാഗമായ ദെമേനി തടാകത്തിൽ നടത്തിയ കൂടുതൽ പഠനത്തിലാണ് പേരിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ഈ വാംപയർ മത്സ്യങ്ങൾ ഇരയായി തിരഞ്ഞെടുക്കുന്ന ഏത് ജീവിയുടേയും ശരീരത്തിൻ്റെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നു എന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.
പഠനത്തിനിടെ, ആമസോണിയൻ തോൺ ക്യാറ്റ് ഫിഷ് എന്ന മത്സ്യത്തിൻ്റെ ഉള്ളിൽ എല്ലുകളോട് ചേർന്ന് പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിൽ ഗവേഷകർ ഈ വാംപയർ മത്സ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വാംപെയർ മത്സ്യവും, തോൺ ക്യാറ്റ് ഫിഷും തമ്മിൽ നിലനിന്നിരുന്നത് പാരസൈറ്റിക് ബന്ധമല്ല എന്നും, വാംപെയർ മത്സ്യം തോൺ ക്യാറ്റ് മത്സ്യത്തെ ഭക്ഷണത്തിനായി ആശ്രയിക്കുന്നില്ല എന്നും ഗവേഷകർ കണ്ടെത്തി.
വാംപയർ മത്സ്യം തോൺ ക്യാറ്റ് ഫിഷിൻ്റെ ഉള്ളിൽ ജീവിക്കുന്നത് മറ്റ് വലിയ വേട്ടക്കാരായ മത്സ്യങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാകും എന്നാണ് ഗവേഷകർ കരുതുന്നത്. ഈ വാംപയർ മത്സ്യത്തിൻ്റെ സാന്നിധ്യം തോൺ ക്യാറ്റ് ഫിഷിന് ഗുണം ചെയ്യുന്നു എന്നാണ് ഗവേഷകർ പറയുന്നത്.
മനുഷ്യരിൽ ഇവ പാരസൈറ്റായി പ്രവർത്തിക്കാറില്ല എങ്കിലും, കാൻഡിറു മത്സ്യങ്ങളെ കുറിച്ചുള്ള പല പേടിപ്പെടുത്തുന്ന കഥകളും ദക്ഷിണ അമേരിക്കയിൽ നിലവിലുണ്ട്. ഈ കഥകളിൽ പലതും ഇന്ന് നമുക്ക് ഇൻ്റർനെറ്റിലും കണ്ടെത്താനാകും. എന്നാൽ ഇതൊന്നും സത്യമാകാനുള്ള സാധ്യത വളരെ തുച്ഛമാണ് എന്നാണ് ഗവേഷകർ വിശദമാക്കുന്നത്.