മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.
എന്നും വിവാദങ്ങളുടെ കൂട്ടുകാരനായ 125 വർഷം പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് കേരളം തമിഴ്‌നാടിനു പാട്ടത്തിനു കൊടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത വീതം വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്. അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണ...