മേഘവിസ്‌ഫോടനവും ലഘു മേഘ വിസ്ഫോടനവും

അതിതീവ്ര മഴ (Extremely Heavy Rainfall), മേഘവിസ്ഫോടനം (Cloud Burst) മൂലമാണോ അതോ ന്യൂനമര്‍ദ്ദം മൂലമാണോ എന്ന ചർച്ച നടക്കുകയാണല്ലോ. ഇത് ഒരു അക്കാഡമിക് താൽപര്യം കൂടി ഉണർത്തുന്ന വിഷയമാണ്.
    ചുരുങ്ങിയ സമയം കൊണ്ട് അസാധാരണ രീതിയില്‍ മഴമേഘങ്ങള്‍ പെയ്തൊഴിയുന്ന സാഹചര്യങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ന്യൂനമര്‍ദ്ദം വഴിയുള്ള മഴ മേഘങ്ങള്‍ എത്രമാത്രം മഴവെള്ളത്തെയാണ് താഴേക്ക് വർഷിക്കുന്നത് എന്നതിന്റെ നിരക്ക് വർദ്ധിച്ചാല്‍ നല്‍കുന്ന പേരാണ് ശക്തമായ മഴ (Heavy Rainfall, 24 മണിക്കൂറിൽ 6.5 മുതൽ 11.5 സെന്റി മിറ്റർ വരെ), അതിശക്തമായ മഴ (Very Heavy Rainfall-  11.6 മുതൽ 20.5 സെന്റി മീറ്റർ വരെ), അതിതീവ്ര മഴ (Extremely Heavy Rainfall-20.5 സെന്റിമീറ്ററിനു മുകളിൽ) എന്നൊക്കെയുള്ളത്. ഇരുപത്തിനാല് മണിക്കൂർ കാലയളവിൽ ലഭിക്കുന്ന മഴയുടെ അളവിനെയാണ് ഇവയൊക്കെയും സൂചിപ്പിക്കുന്നത്.
   എന്നാൽ, ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ എന്ന തോതിൽ മഴ പെയ്യുന്നതിനെയാണ് സാധാരണ മേഘവിസ്‌ഫോടനം എന്ന് വിളിക്കുന്നത്. മേഘ വിസ്ഫോടനം, ന്യൂനമർദ്ദവു (low pressure system) മായി ബന്ധപ്പെട്ടോ അല്ലാതെയോ ഉണ്ടാവാം. എന്നാൽ എല്ലാ ന്യൂനമർദ്ദവും മേഘ വിസ്ഫോടനം ഉണ്ടാക്കണമെന്നില്ല, വളരെ അപൂർവമായേ അത്തരമൊരു പ്രതിഭാസം ഉണ്ടാവാറുള്ളു. 
    എന്നാൽ 24 മണിക്കൂറില്‍ ലഭിക്കുന്ന മഴ, ഈ ഓരോ മണിക്കൂറിലും തുല്യമായാണോ വിതരണം ചെയ്യപ്പെടുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ഉദാഹരണത്തിന് ഇടുക്കിയിലും കോട്ടയത്തും പല മഴ മാപിനികളിലും രേഖപ്പെടുത്തിയത് അതിതീവ്ര മഴയുടെ ഗണത്തിൽ വരുന്ന മഴയാണ്. അവിടെ ഒരു സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മഴ 24 മണിക്കൂറിൽ (ഒരു ദിവസം കൊണ്ട്) 24 സെ.മീ. ആണെന്നിരിക്കട്ടെ. പക്ഷെ അതിനർത്ഥം, ഈ മഴ ഓരോ മണിക്കൂറിലും 1 സെ.മി. വീതം എന്ന തുല്യമായ തോതിൽ പെയ്തിരിക്കും എന്ന് നിർബന്ധമില്ല എന്നാണ്. ചിലപ്പോൾ രണ്ട് മണിക്കൂർ കൊനോട് മറ്റോ ഇത്രയൂം മഴ (24 സെ.മി.) പെയ്തൊഴിഞ്ഞാൽ അത് മേഘ വിസ്ഫോടനത്തിന്റെ നിർവചനത്തിൽ ഉൾപ്പെടും. ബാക്കിയുള്ള 22 മണിക്കൂറിൽ കാര്യമായി മഴ പെയ്തില്ല എന്നും വന്നേക്കാം. അവിടെയാണ് പ്രശ്നത്തിന്റെ കാതൽ. 24  മണിക്കൂറിലെ ആകെ മഴ മാത്രം നോക്കിയാൽ സ്വാഭാവികമായി അത് അതിതീവ്ര മഴ മാത്രമാവുകയും, നേരെ മറിച്ച്‌ മണിക്കൂർ അടിസ്ഥാനത്തിൽ മഴ നിരക്ക് നോക്കിയാൽ അത് മേഘ വിസ്ഫോടനം ആവുകയും ചെയ്യും. ഒന്നോ രണ്ടോ മണിക്കൂറില്‍ ഇത്രയേറെ മഴ ഭൂമിയില്‍ പതിക്കുന്നത് പലപ്പോഴും ഉരുൾപൊട്ടലിലേക്കും മിന്നൽ പ്രളയത്തിലേക്കും നയിക്കുകയും ചെയ്യും. 24 മണിക്കൂറിൽ തുല്യമായി വിതരണം ചെയ്യപ്പെട്ട് പോയാൽ, ഒരു പക്ഷെ, മേഘവിസ്ഫോടനത്തിന്റെ അത്ര ഭീകരമായിരിക്കില്ല അതിന്റെ ആഘാതങ്ങൾ. 
     ഇനി അടുത്ത ചോദ്യം ഒരു മണിക്കൂറിൽ 10 സെമീറ്ററിൽ താഴെ (ഉദാ: ചിലപ്പോൾ 3 മുതൽ 9.9 സെ.മി. വരെ) മഴ പെയ്താൽ അത് മിന്നൽ പ്രളയത്തിലേക്കും മറ്റും നയിക്കുമോ എന്നതാണ്. ഒരു മണിക്കൂറില്‍ ഒമ്പത് സെന്റിമീറ്റര്‍ മഴ ലഭിച്ചാല്‍ മേഘവിസ്ഫോടനത്തിന്റെ നിർവചനത്തിൽ പെടുന്ന രീതിയിലുള്ള മഴ  ആവാത്തതിനാല്‍ അതിനെ മേഘവിസ്ഫോടനം എന്ന് പറയില്ല എന്ന് വേണമെങ്കിൽ സാങ്കേതികമായി വാദിക്കാന്‍ കഴിയും. പക്ഷെ, അനുഭവങ്ങൾ സൂചിപ്പിക്കുന്നത്, ഈ മഴ ലഭിക്കുന്ന പ്രദേശത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും (മണ്ണിന്റെ ഘടനയും ചെരിവും വെള്ളമൊഴുകിപ്പോവാനുള്ള സ്വാഭാവികമായ നീർചാലുകളുടെ അഭാവവും പോലുള്ളവ), മുൻ ദിവസങ്ങളിൽ പെയ്ത മഴയുടെ സ്വാധീനവും മറ്റും മൂലം മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കും. അത്തരത്തിൽ മേഘവിസ്ഫോടനത്തെക്കാൾ സാങ്കേതിക അർത്ഥത്തിൽ  തീവ്രത കുറഞ്ഞ മഴകളാണെങ്കിലും  വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നവയാണ് അവ. ഇത്തരത്തിൽ, രണ്ടു മണിക്കൂറിനുള്ളിൽ 5 സെന്റീമീറ്ററോ അതിൽ കൂടുതലോ തീവ്രതയിൽ പെയ്യുന്ന മഴയെ, അവയുടെ ആഘാതഗൗരവം ഒട്ടും ചോർന്നു പോവാതെ, സൂചിപ്പിക്കുന്നതിന് ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന പേരാണ് ലഘു മേഘ വിസ്ഫോടനം (Mini Cloud  Burst). മഴവെള്ളം ശേഖരിക്കുന്ന മലനിരകള്‍ക്ക് ഇത്ര ശക്തിയായ ജലം താങ്ങാന്‍ കഴിയില്ല. ദുരിതപ്പെയ്ത്തിന് ഏതു പേര് നല്കിയായാലും ഏറെക്കുറെ ഒരേ രീതിയിലുള്ള ദുരന്തമാണ് ഭൂമിയില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അതിതീവ്രമായി പെയ്യുന്ന മഴയുടെ ഒരു ഉപവിഭാവം ആയി വിശേഷിപ്പിക്കുന്ന പേര് മാത്രമായി "ലഘുമേഘവിസ്ഫോടന"ത്തെ കരുതിയാല്‍ മതി. 

ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്റര്‍ മഴ എന്ന് പറയുന്നത് കേരളത്തിലുണ്ടായിട്ടുണ്ടോ എന്നതിന് കാര്യമായ തെളുവുകളില്ല. മണിക്കൂർ അടിസ്ഥാനത്തിലുള്ള ഡേറ്റ ലഭ്യമല്ലാത്തതിനാൽ കൂടുതൽ പഠനങ്ങൾ ഇതിനെക്കുറിച്ച് നടന്നിട്ടില്ല. എന്നാൽ, ഇത്തരം കാര്യങ്ങളെക്കുറിച്ചു നമ്മള്‍ ജാഗരൂകരായിരിക്കണം. അതുകൊണ്ടാണ് "ചെറുമേഘസ്ഫോടനം" എന്നൊക്കെയുള്ള വാക്കുകള്‍  ഉപയോഗിക്കുന്നത്. എന്നാൽ വാച്യാർത്ഥത്തിൽ അത് ബോംബ് സ്ഫോടനം പോലെ ഒരു "സ്ഫോടന" മോ, മേഘങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാവുന്ന സ്ഫോടനമോ, മേഘങ്ങൾ താഴേക്കു "പൊട്ടി" വീഴുന്നതോ ഒന്നും അല്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.
 എം.ജി. മനോജ്
Thanks to M G Manoj for this useful information

Popular posts from this blog

ഞണ്ടുപാറ ഗുഹാ ക്ഷേത്രം, തിരുവനന്തപുരം

മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.

കാൻഡിറു ഫിഷ് : ആമസോണിലെ വാംപയർ മത്സ്യം;