ഞണ്ടുപാറ ഗുഹാ ക്ഷേത്രം, തിരുവനന്തപുരം

തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒരിടം. തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളില‍ൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്.

തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രത്തിന് ഈ പേരുകിട്ടുന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്ഞ വഴിയിലൂടെ കയറണം.  

പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോൾ അമ്പൂരിയിലെ നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു പ്രാദേശിക വിശ്വാസമുണ്ട്.

പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. കയറ്റംകയറി മുകളിലെത്തിയാല്‍ അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.

Location : Kuttamala Njandupara Cave Temple
G53G+357, Thiruvananthapuram, Kerala 695125

Popular posts from this blog

Pazhayakunnummel Panchayat - Known for its lush greenery and serene atmosphere - Thiruvananthapuram

Exploring the Enchanting Beauty of Kodikuthimala in Malappuram, Kerala

Andaloor Kavu