താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ.

ഒരു കരിന്തണ്ടൻ വീരഗാഥ...

വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാടിന്റെ മക്കൾ ഉത്സാഹത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ. ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിെവച്ചുകൊന്ന ആദ്യരക്തസാക്ഷി. ഓരോ ആദിവാസിക്കും ഇപ്പോൾ കരിന്തണ്ടൻ ഒരു വീരനായകനാണ്. ഒമ്പത്‌ കൊടിയ ഹെയർപിൻ വളവുകൾ കയറിയുമിറങ്ങിയും 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം.
അത്‌ പിന്നിടുന്നതോടെ കരിന്തണ്ടന്റെ ഓർമകളുടെ ശേഷിപ്പുകൾ തെളിഞ്ഞുതുടങ്ങും. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. ശരീരം വെടിയുണ്ടകളാലും ആത്മാവ് ചങ്ങലകളാലും ബന്ധിക്കപ്പെട്ടവനായി കരിന്തണ്ടൻ അവിടെ നിലകൊള്ളുന്നു എന്നാണ് വിശ്വാസം. കരിന്തണ്ടൻതറയുടെ പിറകിലായി മൂപ്പനെ അടക്കംചെയ്ത ശ്മശാനത്തിൽനിന്ന് ഇരുട്ടിനൊപ്പമുയരുന്ന രാക്കൂക്ക് കേൾക്കാം. 
തറയ്ക്കുമുന്നിൽവന്ന് ആദിവാസികളടക്കമുള്ള ദേശവാസികൾ എന്നും പ്രാർഥിക്കുന്നു. ലക്കിടിവിട്ട് വയനാടൻ കുന്നിറങ്ങുന്ന ഓരോ വേളയിലും യാത്രകൾ സഫലമാവാൻ അവർ കരിന്തണ്ടനെ ഓർക്കുന്നു. അവരുടെ മനസ്സിൽ വഴിയും വഴികാട്ടിയുമാണ് കരിന്തണ്ടൻ. ചീക്കല്ലൂർ ഒതയോത്ത് ഊരിലെ പണിയസമുദായക്കാരനായ വാസുദേവൻ ഒരു റിട്ടയേർഡ് സർക്കാർ ജീവനക്കാരനാണ്. കരിന്തണ്ടന്റെ കഥയും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിലൂടെ ഒരന്വേഷിയായി അദ്ദേഹം കുറേ സഞ്ചരിച്ചിട്ടുണ്ട്. പലരിൽനിന്നായി കേട്ടറിഞ്ഞ കഥ അദ്ദേഹം പറയുന്നത് ഇങ്ങനെ:
‘ഞങ്ങടെ പണിയസമുദായക്കാരുടെ കാർന്നോരായിരുന്നു കരിന്തണ്ടൻ. കാർന്നോരുടെ ജീവിതവും മരണവും ഒരു വലിയ വഞ്ചനയുടെയും ചതിയുടെയും കഥയാണ്. ഉയർന്ന ജാതിക്കാരും ബ്രിട്ടീഷുകാരും കാർന്നോരെ ചതിച്ചു. ബ്രിട്ടീഷുകാർ നമ്മുടെ മണ്ണ് വെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന കാലം. കോഴിക്കോട്ടുനിന്ന് അടിവാരം വരെയേ അവർക്ക് എത്താനായുള്ളൂ. ഉയർന്നുയർന്നു നിൽക്കുന്ന മലകൾകണ്ട് അവർ അന്തിച്ചു. കൂടെയുണ്ടായിരുന്ന നായരാണ് കരിന്തണ്ടനെ കണ്ടുപിടിച്ചാൽ മലകയറാമെന്ന് അറിയിച്ചത്. കരിന്തണ്ടനെ അടിവാരത്തുള്ള അദ്ദേഹത്തിന്റെ ഊരായ ചിപ്പിലത്തോട്ടുനിന്ന് എങ്ങനെയോ സായിപ്പിന്റെ മുന്നിലെത്തിച്ചു. ‘എങ്കള മണ്ണു മലയു തീണ്ടിത്താകരുത്’(ഞങ്ങളുടെ മണ്ണും മലയും തീണ്ടരുത്) എന്നായി കരിന്തണ്ടൻ. തീണ്ടില്ല, ഇതുവഴി പോണം അതിന് വഴികാട്ടണമെന്ന് നായരും സായിപ്പും. കാർന്നോര് അവരെ വിശ്വസിച്ച്, അവരേംകൂട്ടി മലകേറി.  
കാടിന്റെ സമൃദ്ധിയും സൗന്ദര്യവുംകണ്ട് അവർക്ക് ആർത്തിമൂത്തു. കാര്യം കഴിഞ്ഞപ്പോൾ അവർ കാർന്നോരെ കൊല്ലാൻ നിശ്ചയിച്ചു. സായിപ്പ്‌ കാർന്നോരെ വെടിെവച്ചെങ്കിലും വെടിയേറ്റില്ല. കാർന്നോരുടെ കൈയിലെ മാന്ത്രികവളയായിരുന്നു കാരണം. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴുംമാത്രം ഊരിവെക്കാറുള്ള ആ മാന്ത്രികവള ഒരു ദിവസം നായര് ഒളിച്ചിരുന്ന് എടുത്തുമാറ്റി. ആ സമയത്ത് സായിപ്പ് കാർന്നോരെ വെടിെവച്ചുകൊന്നു. ചുരംകയറാനുള്ള വഴി കാണിച്ചുകൊടുത്ത കാർന്നോരെ അവർ ചതിച്ചുകൊല്ലുകയായിരുന്നു.’  
80 വയസ്സുകാരനായ വേലൻ ആ കഥ പൂരിപ്പിച്ചു: ‘ചതിച്ചുകൊന്നോര് കാർന്നോര് കാട്ടിക്കൊടുത്ത വഴീക്കൂടെ റോഡുണ്ടാക്കി. ബ്രിട്ടീഷ്‌കാർക്ക് വയനാട്ടിലെ സുഗന്ധവസ്തുക്കൾ കൊണ്ടുപോകാനും മൈസൂരിലേക്ക് പോകാനുമായിരുന്നു റോഡ്. പക്ഷേ, ചുരംവഴി പോകുന്ന കാളവണ്ടികൾ അഗാധഗർത്തങ്ങളിലേക്ക് മറിഞ്ഞുവീണു. പിന്നെപ്പിന്നെ വാഹനങ്ങളിൽ പോകുന്നവരും അപകടപ്പെട്ടു. കവടിനിരത്തി പ്രശ്നംെവച്ചപ്പോഴാണ് കരിന്തണ്ടന്റെ ആത്മാവാണ് ഇതൊക്കെചെയ്യുന്നത് എന്നറിഞ്ഞത്. ഒടുവിൽ പ്രേതത്തെ ആവാഹിച്ച് ബന്ധിക്കണമെന്ന് പ്രശ്നവിധിയുണ്ടായി. അങ്ങനെ ഒരു മഹാമന്ത്രവാദിയുടെ സഹായത്തോടെ കാർന്നോരുടെ ആത്മാവിനെ ഇരുമ്പുചങ്ങലയിൽ തളച്ചു.’
വേലന്റെ ഭാര്യ മുണ്ടത്തിക്ക് ഈ കഥയിൽ ചില കൂട്ടിച്ചേർക്കലുകൾ പറയാനുണ്ടായിരുന്നു: ‘സാധാരണ പ്രേതങ്ങളെ തളയ്ക്കാൻ ആണിയോ സൂചിയോ മതി. കാർന്നോരുടേത് മഹാശക്തിയുള്ള ആത്മാവായിരുന്നു. ഒടുവിൽ ഓടത്തണ്ടിൽ ആവാഹിച്ചിരുത്തി ഇവിടെ കൊണ്ടുവന്ന് ചങ്ങലമരത്തിന്മേൽ ബന്ധനസ്ഥനാക്കി. കരിന്തണ്ടൻ തറയെന്ന് ഞങ്ങളിതിനെ വിളിക്കുന്നു. എന്തു നല്ലകാര്യത്തിനിറങ്ങുമ്പോഴും ഞങ്ങൾ ഇവിടെവന്ന്‌ പ്രാർഥിക്കുന്നു.’ 
കരിന്തണ്ടന്റെ ഈ കഥ നമ്മുടെ ചരിത്രത്താളുകളിലില്ല. ചുരംറോഡിലൂടെ വാഹനങ്ങൾ കടന്നുപോവുമ്പോൾ കരിന്തണ്ടൻ എന്ന ആദിവാസിയുടെ ജീവിതവും ബലിയും അനേകായിരങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നു. ചരിത്രത്തേക്കാൾ ശക്തിയുള്ള ഒരു മിത്തായി അത് പ്രതിദിനം വളർന്നു. മുഖ്യധാരാജീവിതം നയിക്കുന്ന സ്വദേശീയരാലും ഇന്ത്യൻ സമ്പത്ത് പിടിച്ചടക്കാനെത്തിയ വിദേശികളാലും ഒരുപോലെ വഞ്ചിക്കപ്പെട്ടവരായി ആദിവാസികൾ മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കരിന്തണ്ടന്റെ ജീവിതകഥ മാറുന്നു. 
കരിന്തണ്ടന്റെ പിന്മുറക്കാരായ പണിയരുടെ സാമുദായിക ഐക്യവും പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടാണ് പീപ്പ് (People’s action for Educational and Economic development of tribal People) എന്ന സംഘടന രൂപവത്‌കൃതമായത്. കല്പറ്റ കേന്ദ്രമായി വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 1100 പണിയക്കോളനികളിലാണ് പീപ്പ് പ്രവർത്തിക്കുന്നത്.പീപ്പ് പ്രവർത്തകർ പറയുന്നു: ‘ആദിവാസികളുടെ മലമുടികൾ കൈയേറിയവർ അവരെ അടിമകളാക്കി. മലയോരഗ്രാമങ്ങൾതോറും ബിവറേജസ്‌ കോർപ്പറേഷന്റെ ഷോറൂമുകൾ വന്നപ്പോൾ അവർ മദ്യത്തിന്റെകൂടി അടിമകളായി മാറി. 80,000-ത്തോളം ജനസംഖ്യയുള്ള കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയരിൽ 85 ശതമാനം പുരുഷന്മാരും 65 ശതമാനം സ്ത്രീകളും മദ്യത്തിന്റെ അടിമകളാണ്. ഇവരുടെ ശരാശരി ആയുസ്സ് ഇപ്പോൾ 50 വയസ്സിൽ അവസാനിക്കുന്നു. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്.’ 
കരിന്തണ്ടന്റെ ഓർമകളെ അനശ്വരമാക്കാനും അതിന്റെ ചരിത്രപരമായ പ്രാധാന്യം പ്രഖ്യാപിക്കാനുമായി പീപ്പ് ആണ് കരിന്തണ്ടൻ സ്മൃതിയാത്ര ആരംഭിച്ചത്. മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് സ്മൃതിയാത്ര നടത്തുന്നത്. അടിവാരത്തുനിന്ന് ആരംഭിക്കുന്ന യാത്ര 14 കിലോമീറ്റർ ചെങ്കുത്തായ കയറ്റംകയറി വയനാട് ഗേറ്റിനടുത്തുള്ള കരിന്തണ്ടൻ തറയിലെ ചങ്ങലമരച്ചുവട്ടിൽ അവസാനിക്കുന്നു. 
1750-നും 1800-നുമിടയിൽ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന കരിന്തണ്ടന്റെ രൂപം ഓരോരുത്തരുടെയും മനസ്സിൽ ഓരോന്നാണ്. ചിത്രകലാ അധ്യാപകനായ അയ്യപ്പൻമാഷ് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് കരിന്തണ്ടന്റെ രൂപം ഒടുവിൽ മൂന്നുമാസമെടുത്ത് ഓയിൽകളറിൽ ചിത്രമാക്കി. വയനാട്ടിലെ പണിയക്കോളനികളിൽ കരിന്തണ്ടന്റെ വീരഗാഥയോടൊപ്പം ഇന്ന് ഈ ഛായാചിത്രവും ഒരു ദേവരൂപമെന്നോണം ഇടംപിടിച്ചുതുടങ്ങിയിട്ടുണ്ട്. കാടിന്റെ മക്കളുടെ മനസ്സിൽ തങ്ങളുടെ വംശമഹിമയിൽനിന്ന് കണ്ടെത്താവുന്ന ഏറ്റവും ഉജ്ജ്വലമായ ഒരു വീരരൂപമായി കരിന്തണ്ടൻ ഇന്നും ജീവിക്കുന്നു.
https://www.facebook.com/shethra.aajarangal

Popular posts from this blog

ഞണ്ടുപാറ ഗുഹാ ക്ഷേത്രം, തിരുവനന്തപുരം

മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.

കാൻഡിറു ഫിഷ് : ആമസോണിലെ വാംപയർ മത്സ്യം;