ഇ. ശ്രീധരന്, Dr. എലാട്ടുവളപ്പില് ശ്രീധരന്‍. - E. Sreedharan - A malayalam write up
ഇ. ശ്രീധരന്, Dr. എലാട്ടുവളപ്പില് ശ്രീധരന്. 1932-ല് ജനനം. ഗവഃ പോളിടെക്നിക് കോഴിക്കോട് അദ്ധ്യാപകനായി തുടക്കം. 1953-ല് ഇരുപത്തിയൊന്നാം വയസ്സില് ഇന്ത്യന് എഞ്ചിനീയറിംഗ് സര്വീസ് പരീക്ഷ വിജയിച്ച് ഇന്ത്യന് റെയില്വേയില് നിയമിതനായി.
തുടര്ന്ന് തന്റെ അസാമാന്യമായ എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് വളരെ വേഗത്തില് ഔദ്യോഗിക ജീവിതത്തിലെ പടവുകള് ഒന്നൊന്നായി കീഴടക്കിയ പ്രതിഭ!
1964-ല് ചുഴലിക്കാറ്റ് തുടച്ചു നീക്കിയ പാമ്പൻ പാലം 6 മാസം കൊണ്ട് പുനഃസ്ഥാപിക്കാനുള്ള റെയില്വേയുടെ പദ്ധതി വെറും 46 ദിവസം കൊണ്ട് പൂര്ത്തിയാക്കി, ലോകത്തെ തന്നെ ഞെട്ടിച്ച് ചരിത്രം സൃഷ്ടിച്ചു അദ്ദേഹം!
അദ്ദേഹത്തിന്റെ നേതൃത്വത്തില് നടപ്പിലാക്കിയ ഭാരതത്തിലെ ആദ്യത്തെ മെട്രോ ട്രെയിന് പദ്ധതിയായ കൊല്ക്കത്ത മെട്രോ, ഭാരതത്തില് നവീന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു.
അധോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന കൊച്ചിന് ഷിപ്പിയാര്ഡിനെ നെ 1980 - കളുടെ തുടക്കത്തില് കൈപിടിച്ചുയര്ത്തി. അവരുടെ ആദ്യ കപ്പലായ എം വി റാണി പദ്മിനിയുടെ നിര്മാണം പൂര്ത്തിയാക്കിയത് ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു. 1990-ല് ഔദ്യോഗിക സര്ക്കാര് ജീവിതത്തില് നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തെപോലെയൊരു പ്രതിഭയുടെ സേവനം നഷ്ടപ്പെടുത്താന് രാജ്യം തയാറായിരുന്നില്ല.
തുടര്ന്ന് അത്യന്തം ദുര്ഘടവും അങ്ങേയറ്റം വെല്ലുവിളികള് നിറഞ്ഞതുമായ കൊങ്കണ് റെയില്വേ പദ്ധതിയുടെ ചുമതല അദ്ദേഹത്തെ തേടി വന്നു. ഏകദേശം 760km-ല് നീളമുള്ള കൊങ്കണ് പാതയിലുള്ള നൂറോളം തുരങ്കങ്ങളുടെ ആകെ നീളം തന്നെ ഏകദേശം 80km ആണ്. പദ്ധതിയുടെ ഭാഗമായി ചെറുതും വലുതുമായ 2100 പാലങ്ങള് പണിയേണ്ടി വന്നു. ലോകത്തിനു തന്നെ എഞ്ചിനീയറിംഗ് വിസ്മയമായി നില കൊള്ളുന്ന കൊങ്കണ് റെയില്വേ അദ്ദേഹത്തിന്റെ നേതൃത്വത്തില് പൂര്ത്തിയായത് 8 വര്ഷം കൊണ്ടാണ്. ഒരു പാലം പണിയാന് ഇപ്പോഴും വര്ഷങ്ങള് വേണ്ടി വരുന്ന നാടാണ് നമ്മുടേത് എന്നോര്ക്കണം.
തുടര്ന്ന്, രാജ്യതലസ്ഥാനത്തിനു മുതല്ക്കൂട്ടായി ഡല്ഹി മെട്രോ, നമ്മുടെ സ്വന്തം കൊച്ചി മെട്രോ, ലക്നൗ മെട്രോ, ചെറുതും വലുതുമായ മറ്റനവധി പ്രോജക്ടുകളുടെ അമരക്കാരനായും ഉപദേശാവായും അദ്ദേഹം ഈ 88-ആം വയസ്സിലും തന്റെ കര്മ്മമണ്ഡലത്തില് സജീവമാണ്. അഴിമതിയില് മുങ്ങി, വേച്ചു വീഴാന് തുടങ്ങിയ പാലാരിവട്ടം പാലം പുതുക്കി പണിയാന് ആറു മാസം സര്ക്കാര് നല്കിയപ്പോള് മൂന്നു മാസം കൊണ്ട് പൂര്ത്തിയാക്കി അദ്ദേഹം ചരിത്രം ആവര്ത്തിച്ചു. കൊങ്കണ് പാതയില് പശ്ചിമഘട്ട മലകള്ക്കിടയിലൂടെ കിലോമീറ്ററുകള് നീളത്തില് തുരങ്കങ്ങളും പാലങ്ങളും നിര്മിച്ച മെട്രോ മാന് എന്ത് പാലാരിവട്ടം പാലം!!
പാലാരിവട്ടം പാലം പുതുക്കിപ്പണിയാന് നമുക്ക് ഖജനാവ് തുറക്കേണ്ടി വന്നില്ല. അദ്ദേഹം ഏറ്റെടുത്ത് പൂര്ത്തിയാക്കിയ മറ്റു പ്രൊജെക്ടുകളില് മിച്ചം വന്ന പൈസ കൊണ്ട് അദ്ദേഹം പാലാരിവട്ടം പാലം പുതുക്കിപ്പണിത് നമുക്ക് തന്നു. തന്റെ നീണ്ട ഔദ്യോഗിക ജീവിതത്തില് ഏറ്റെടുത്ത ഒരു പ്രോജെക്ടില് പോലും അഴിമതിയുടെ ആരോപണം പോലും ഉണ്ടാകാന് അവസരം നല്കാത്ത ഓരോ പദ്ധതിയിലും അങ്ങേയറ്റം ആത്മാര്ത്ഥതയും കൃത്യനിഷ്ഠയും സത്യസന്ധതയും പുലര്ത്തിയ മറ്റൊരു ഉദ്യോഗസ്ഥന് വേറെ ഉണ്ടാവില്ല…
പദ്മശ്രീയും, പദ്മഭൂഷണും, Order of the Rising Sun Gold and Silver star (Japan), Chevalier de la Legion d'honneur (France), സ്ത്യുത്യര്ഹ സേവനത്തിനു ഭാരതം നല്കുന്ന G-files Award, അനവധി ഡോക്ടറേറ്റ്സ്, കൂടാതെ നിരവധി ദേശീയ അന്തര്ദേശീയ അവാര്ഡുകള് നല്കി ലോകം അദ്ദേഹത്തിലെ പ്രതിഭയെ ആദരിച്ചു. ഈ 88 - ആം വയസ്സില് അദ്ദേഹം കേരളത്തില് ഒരു എം എല് എ സ്ഥാനത്തിന് മത്സരിക്കുന്നെങ്കില്, അത് സാമ്ബത്തിക ലാഭത്തിനും പദവിക്കും ആണെന്ന് തോന്നുന്നുണ്ടോ? ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ മുന്നിര എഞ്ചിനീയറിംഗ് സാങ്കേതികം സ്ഥാപനങ്ങള്, അദ്ദേഹത്തെ അദ്ദേഹം ചോദിക്കുന്ന ശമ്ബളത്തില്, ചോദിക്കുന്ന സൗകര്യങ്ങളെല്ലാം നല്കി അദ്ദേഹത്തിന്റെ സൗകര്യാനുസരണം ജോലി നല്കാന് തയാറുണ്ടാകും.